കാരീഡ് വിത്ത് കൈൻഡ്നസ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു…

ഷാർജ ∙ യുഎഇയിലെ മലയാളി വിദ്യാർഥിനി നൂറ നുജൂം നിയാസിന്റെ  ഏറ്റവും പുതിയ കവിതാ സമാഹാരമായ കാരീഡ് വിത്ത് കൈൻഡ്നസ് ഷാർജ രാജ്യാന്തര പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഷാർജ എക്‌സ്‌പോ സെന്ററിലെ റൈറ്റേഴ്സ് ഫോറത്തിൽ നടന്ന ചടങ്ങിൽ ഷാർജ പെർഫോമിങ് ആർട്സ് അക്കാദമി (എസ്പിഎഎ) വോക്കോളജിസ്റ്റ് ഡോ. കാതലീൻ ബെൽ ഓക്‌സ്ഫഡ് സർവകലാശാല വുൾഫ്സൺ കോളജ് ഓണററി ഫെലോ ഡോ. മൗധി അൽ റാഷിദിനു നൽകിയാണ് പ്രകാശനം ചെയ്തത്. എസ്പിഎഎയിലെ ബിഎ മ്യൂസിക്കൽ തിയറ്റർ മൂന്നാം വർഷ വിദ്യാർഥിനിയായ നൂറയുടെ മൂന്നാമത് പുസ്തകമാണിത്.

ആഗോള വെല്ലുവിളികൾക്കിടയിൽ മനുഷ്യാത്മാവിനെ പോറ്റുന്ന ശക്തമായ മാധ്യമമാണ് കവിതയെന്നും മനുഷ്യാനുഭവങ്ങളുടെ പ്രതിബിംബമായും പ്രതീക്ഷയുടെ ഉറവായും കവിത എക്കാലത്തും നിലനിൽക്കുമെന്നും ഡോ. അൽ റാഷിദ് പറഞ്ഞു. കവിതയുടെ ഉത്ഭവം പുരാതന മെസപൊട്ടാമിയയിലെ എഴുത്ത് സംസ്കാരത്തോട് ബന്ധപ്പെടുത്തിയ അവർ എപിക് ഓഫ് ഗിൽഗമേഷ് പോലുള്ള പുരാതന കൃതികളുമായി താരതമ്യം ചെയ്യുകയും ചെയ്തു. കവയിത്രി, ഗായിക, വിദ്യാർഥിനി എന്നീ നിലകളിൽ നൂറ നുജൂം നിയാസിന്റെ സൃഷ്ടിപരമായ യാത്രയിൽ കാരീഡ് വിത്ത് കൈൻഡ്നസ് ഒരു പ്രധാന നേട്ടമായി മാറുമെന്ന് അറബിക് കവയിത്രി ഫറഹ് ചമ്മ പറഞ്ഞു. ഡോ. കാതലീൻ ബെൽ, എസ്പിഎഎ വിദ്യാർഥിനി യാര സലീം എന്നിവർ പ്രസംഗിച്ചു.